തൃശൂർ: കൂർക്കഞ്ചേരി– കുറുപ്പം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി കോർപറേഷൻ ആരംഭിച്ച കാന നിർമാണ പദ്ധതിയുടെ മെല്ലെപ്പോക്കും അശാസ്ത്രീയ നിർമാണവുംമൂലം വ്യാപാരികളും പൊതുജനങ്ങളും കടുത്ത ദുരിതത്തിൽ. നിർമാണം പകുതിവഴിയിൽ നിലച്ചമട്ടായതും റോഡിലും റോഡരികിലും നിയന്ത്രണമില്ലാതെ വാഹനങ്ങൾ നിർത്തിയിടുന്നതും വീതികുറഞ്ഞ ഈ പാതയിൽ ഗതാഗതക്കുരുക്കും അപകടസാധ്യതയും ഇരട്ടിയാക്കുന്നു.
നിലവിൽ ചില ഭാഗങ്ങളിൽ കാന കെട്ടി കോൺക്രീറ്റിംഗ് നടത്തിയെങ്കിലും പലയിടങ്ങളിലും പണി ആരംഭിച്ചിട്ടുപോലുമില്ല. റോഡിനും നിർമിച്ച കാനയ്ക്കുമിടയിൽ രൂപപ്പെട്ടിരിക്കുന്ന ചാൽ ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അപകടമുന്നറിയിപ്പായി മുൻപ് കെട്ടിയിരുന്ന റിബണുകൾ നശിച്ചുപോയതും രാത്രികാലങ്ങളിൽ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.
കഴിഞ്ഞ മഴ സമയത്ത് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരുന്നത് ആശ്വാസമായെങ്കിലും, നീണ്ടുപോകുന്ന കാനപണിയും യാത്രാസൗകര്യം തടസപ്പെട്ടതുംമൂലം കടകളിലേക്ക് ആളുകൾ എത്തുന്നില്ലെന്നും കച്ചവടം പൂർണമായി മന്ദഗതിയിലായെന്നും വ്യാപാരികൾ പരാതിപ്പെടുന്നു. കോർപറേഷന്റെ പിക്യുസി റോഡ് വികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജൂൺ ആറിനാണ് മേയർ ഡോ. നിജി ജസ്റ്റിൻ നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.
വാഗ്ദാനങ്ങൾ പാലിക്കാതെ നിർമാണം അവതാളത്തിലായതോടെ, റോഡിലെ അപകടക്കെണികൾ അടിയന്തരമായി പരിഹരിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണ ജോലികൾ വേഗത്തിലാക്കാനും കോർപറേഷൻ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാനനിർമാണം അശാസ്ത്രീയമെന്ന് പ്രതിപക്ഷം
കുറുപ്പം റോഡിലെ കാനനിർമാണം അശാസ്ത്രീയവും മന്ദഗതിയിലുമാണെന്ന് കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരൺ ആരോപിച്ചു. കച്ചവടക്കാരുടെ താത്പര്യങ്ങൾ സംരക്ഷിച്ച് അതിവേഗം പണി പൂർത്തിയാക്കുമെന്ന് ഉദ്ഘാടനവേളയിൽ ഉറപ്പുനൽകിയെങ്കിലും നിലവിൽ വളരെ പതുക്കെയാണ് പണികൾ പുരോഗമിക്കുന്നത്.
പല സ്ഥലങ്ങളിലും സ്ലാബുകൾ പൊക്കി തുറന്നുവച്ചിരിക്കുകയാണ്. കച്ചവടസ്ഥാപനങ്ങൾക്കു മുന്നിൽ കാനയ്ക്ക് വലിയ തോതിൽ ഉയരംകൂട്ടിയ അവസ്ഥയാണുള്ളത്. ഭാവിയിൽ കാന ശുചീകരിക്കാനോ, മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനോ ആവശ്യമായ മാൻഹോളുകൾ ഉൾപ്പെടെയുള്ള യാതൊരു സൗകര്യങ്ങളും ഒരുക്കാതെയാണ് നിർമാണം. മുൻകരുതലുകളൊന്നുമില്ലാതെ എന്തെങ്കിലും കാട്ടിക്കൂട്ടി പണി തിടുക്കപ്പെട്ട് തീർക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.